Sunday, December 6, 2015

ഴ്ഷാക്ക് പ്രവേറും രണ്ടു കറുത്ത അരയന്നങ്ങളും

പാരിസിൽ അത്രയ്ക്ക് പ്രസിദ്ധമല്ലാത്ത നിരവധി ചെറിയ ഉദ്യാനങ്ങളുണ്ട് . ടൂറിസ്റ്റ് വെബ്സൈറ്റുകളിൽ സ്ഥാനം പിടിക്കാത്തവ. നഗരവാസികൾ ഒഴിവു സമയം ചെലവഴിക്കാൻ ഉപയോഗിക്കുന്ന ഇത്തരം പാർക്കുകൾ യൂറോപ്പിലെ ഒട്ടുമിക്ക നഗരങ്ങളിലെയും പതിവ് കാഴ്ചയാണ്. അത്തരം ഒരു പാർക്കിൻറെ പശ്ചാത്തലത്തിലാണ് എനിക്കേറെ പ്രിയങ്കരനായ വിഖ്യാത ഫ്രഞ്ച് കവി ഴ്ഷാക്ക് പ്രവേർ തൻറെ "Le jardin"(ഉദ്യാനം) എന്ന കവിതയെഴുതിയത് എന്ന അറിവാണ് എന്നെ ഇവിടെ എത്തിച്ചത്. മോങ്സൗറി പാർക്കിൽ.
Thousands and thousands Of years Would not suffice To tell of The sweet moment of eternity Where you kissed me Where I kissed you One moment in the light of winter In Montsouris Park in Paris In Paris Upon this Earth This Earth which is a star.

പാരിസ് സബർബൻ തീവണ്ടിപ്പാതയായ RER B മോങ്സൗറി പാർക്കിനെ രണ്ടായി പകുത്തുകൊണ്ട് കടന്നുപോകുന്നു. ഇതേ പാതയിലുള്ള 'Cite universite' സ്റ്റേഷനിൽ ഇറങ്ങിയാൽ പാർക്കിലേക്ക് നടന്നു പോകാം. നെപ്പോളിയൻ III ാമൻറെ നിർദേശ പ്രകാരം 1878 ഓടുകൂടിയാണ് പാര്ക്കിന്റെ നിർമാണം പൂർത്തിയാവുന്നത്. ഏകദേശം 15 ഹെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന പാർക്കിനുള്ളിൽ വളരെ മനോഹരമായ ഒരു ജലാശയവും സ്ഥിതി ചെയ്യുന്നു. പാർക്കിലെ പച്ചപ്പുൽമൈതാനത്ത് അങ്ങിങ്ങായി ചില ശില്പങ്ങൾ കാണാം. അവയിലൊന്ന് പാരിസ് മെറിഡിയൻ കടന്നു പോകുനതിനെ സൂചിപ്പിക്കുന്ന ഒരു ശിലാസ്മാരകമാണ്. പാരിസ് നഗരത്തിനു കുറുകെ തെക്ക്-വടക്ക് ദിശയിൽ കടന്നു പോകുന്ന സാങ്കല്പ്പിക രേഖയായ പാരിസ് മെറിഡിയൻ 1667ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞന്മാർ നിർവചിച്ചതാണ്. ഒൻറ്റ്വാൻ എറ്റെയുടെ "Shipwrecked", "Lion's death" തുടങ്ങിയവ ഉദ്യാനത്തിലെ മറ്റുചില ശില്പങ്ങളാണ്.
പാർക്കിലെ പ്രധാന ആകർഷണം അവിടത്തെ ജലാശയം തന്നെ എന്ന് പറയാതെ വയ്യ. പുൽപ്പരപ്പും തടാകവും ആകാശവും ചേർത്ത് ഒരു ഫോട്ടോ എടുക്കാമെന്ന് വച്ചാൽ പാർക്കിനു ചുറ്റുമുള്ള അപ്പാർട്ട്മെൻറ് സമുച്ചയങ്ങൾ വില്ലന്മാരാകുന്നു. തടാകത്തിൽ രണ്ടു ജോഡി അരയന്നങ്ങളും കുറെ താറാവുകളും നീന്തിക്കളിക്കുന്നു. ഇവയിൽ ഒരു ജോഡി അരയന്നങ്ങൾ സാധാരണയായി കാണാറുള്ള വെളുത്ത അരയന്നങ്ങളും രണ്ടാമത്തേത് കറുത്ത അരയന്നങ്ങളുമാണ്. ഞാൻ ആദ്യമായിട്ടാണ് കറുത്ത അരയന്നങ്ങളെ കാണുന്നത്.പാർക്കിലെത്തുന്നവർക്ക് വിശ്രമിക്കാനായി തടാകക്കരയിൽ കുറെ ബെഞ്ചുകൾ ഉണ്ട്. അവയിൽ ഒന്നിൽ ചുറ്റുമുള്ള ലോകത്തെ ശ്രദ്ധിക്കാതെ ഇരുന്നു പുസ്തകം വായിക്കുകയാണ് ഒരപ്പൂപ്പൻ. ഇടയ്ക്കിടെ തന്റെ പക്കലുള്ള കവറിൽ നിന്ന് റൊട്ടിക്കഷണങ്ങൾ എടുത്തു താറാവുകൾക്ക് കൊടുക്കുന്നുണ്ട്. ഇത് കണ്ടുകൊണ്ടാവണം, കുറച്ചുനേരം കഴിഞ്ഞപ്പോൾ കറുത്ത അരയന്നങ്ങൾ കരയ്ക്ക്‌ കയറി വന്ന് അപ്പൂപ്പനെ ചുറ്റിപ്പറ്റി നില്പ്പായി. അപ്പൂപ്പൻ ഇടയ്ക്കിടെ അവയ്ക്കും റൊട്ടിക്കഷണങ്ങൾ കൊടുത്തുകൊണ്ടിരുന്നു. പാർക്കിലെത്തിയ കുട്ടികളിലും മുതിർന്നവരിലും ഒരേപോലെ കൗതുകം ഉണർത്തിയ ദൃശ്യം.
 ഞാൻ ആ അപ്പൂപ്പനെക്കുറിച്ചു ചിന്തിച്ചു. അയാൾ പാർക്കിലെ സ്ഥിരസന്ദർശകനായിരിക്കണം. ചുറ്റുമുള്ള ആളുകൾ തന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നത് എന്നതിനെ ലവലേശം കൂസാതെയുള്ള ഇരിപ്പ്. ഒരുപക്ഷേ ഇതേ ബെഞ്ചിൽ ഇതുപോലെ തൻറെ സ്വതസിദ്ധമായ ശൈലിയിൽ സിഗറെറ്റും കടിച്ചുപിടിച്ചുകൊണ്ടിരുന്നാകണം ഴ്ഷാക്ക് പ്രവേറും കവിതകളെഴുതിയിരുന്നത്.

No comments:

Post a Comment